തിരുവനന്തപുരം: കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. കഥകളി, കൂത്ത്, മാർഗംകളി, ചവിട്ടുനാടകം, മറ്റ് ക്ഷേത്ര ഗോത്രകലകൾ എന്നിവയുടെ അവതരണത്തിനും പരിശീലനത്തിനുമൊക്കെ ഇവിടെ സൗകര്യങ്ങളുണ്ടാകും.
ജെൻസികൾക്കായി ഷോർട്ട്ഫിലിം അവതരണത്തിന് ഇവിടെ സൗകര്യം ലഭിക്കും. സിനിമ തിയറ്ററുകൾ, ഭാഷാ മ്യൂസിയം, ശബ്ദമ്യൂസിയം, ഡോർമിറ്ററികൾ, ഭക്ഷണശാലകൾ, വിനോദ ഇടങ്ങൾ തുടങ്ങി സമഗ്ര വിനോദ പാർക്ക് ആയി ഇതിനെ മാറ്റും. ഇതിന്‍റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.
ഇതോടെ, സിനിമാമേഖലയ്ക്കായി കൊച്ചിയിൽ ഫിലിം സിറ്റി വരുന്നു. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയലിന്‍റെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതുവഴി സിനിമ നിർമാണത്തിനു വേണ്ടി വലിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് സിനിമ പ്രവർത്തകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.